കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ.പി.ശങ്കരദാസിന്റെ ജാമ്യാപേക്ഷയില്‍ മാര്‍ച്ച് രണ്ടിന് കൊല്ലം വിജിലന്‍സ് കോടതി വിധി പറയും. കട്ടിളപ്പാളി, ദ്വാരപാലക കേസുകളില്‍ പ്രതിയായ ശങ്കരദാസ് ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ നല്‍കിയത്.
പ്രതിക്കു ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടു. എന്നാല്‍ കോടതി തീരുമാനിക്കുന്ന എന്ത് ഉപാധികളും അംഗീകരിക്കാന്‍ തയാറാണെന്നും ആരോഗ്യ പ്രശ്നമുള്ളതിനാല്‍ ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം വാദിച്ചു. ഇരു വാദങ്ങള്‍ക്കും ശേഷം പ്രതിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ കോടതി പരിശോധിച്ചു. തുടര്‍ന്ന് മാര്‍ച്ച് രണ്ടിന് വിധി പറയാന്‍ മാറ്റി.
ജനുവരി 14 നാണ് ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ കഴിഞ്ഞ ശങ്കരദാസിനെ രണ്ട് കേസുകളിലും അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെങ്കിലും വീണ്ടും ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നു ജയിലിലേക്ക് മാറ്റുകയായിരുന്നു.
എ.പത്മകുമാര്‍ പ്രസിഡന്റായിരുന്ന ബോര്‍ഡില്‍ സിപിഐ പ്രതിനിധിയായിരുന്നു ശങ്കരദാസ്. മറ്റൊരു ബോര്‍ഡ് അംഗമായ എന്‍.വിജയകുമാറും റിമാന്‍ഡില്‍ തുടരുകയാണ്.